ബയോടെക്നോളജിയിൽ എംടെക് കരസ്ഥമാക്കിയ ബിന്ധ്യ ബാലകൃഷ്ണൻ എന്ന യുവ സംരംഭക താൻ സ്വായത്തമാക്കിയ അറിവ് പ്രതിബന്ധങ്ങളെ അതിജീവിച്ച് സൃഷ്ടിപരമാക്കിയപ്പോൾ അതൊരു പുതുചരിത്രമായി. ഇന്ന് മാസം പതിനായിരത്തിലധികം ടിഷ്യൂകൾച്ചർ തൈകൾ ഉത്പാദിപ്പിക്കുന്ന വലിയ സംരംഭകയാണ് തൃശൂർ ജില്ലയിലെ വെള്ളാങ്കല്ലൂർ സ്വദേശിയായ ഈ 39കാരി. അനേകം കർഷകർക്കു വലിയ സഹായമായി "പ്ലാന്റ് മിൽ' എന്ന ഇവരുടെ സംരംഭം.
അധ്യാപകൻ നൽകിയ സ്പാർക്ക്
ഭർത്താവും നഴ്സറി വിദ്യാർഥിയായ മകൻ വിഷ്ണുവുമായി ബംഗളുരുവിൽ കഴിയുന്നതിനിടയിലാണ് ഐടി എൻജിനീയറായ ഭർത്താവ് വിജേഷിനു നാട്ടിലേക്കു സ്ഥലംമാറ്റം കിട്ടിയത്. ഇതാണു വഴിത്തിരിവായത്. അതേക്കുറിച്ച് ബിന്ധ്യതന്നെ പറയട്ടെ:
"എംടെക് കഴിഞ്ഞിട്ടും വെറുതെയിരിക്കേണ്ടിവരുന്നതിന്റെ ചെറിയൊരു സങ്കടം ഉള്ളിലുണ്ടായിരുന്നു. കുഞ്ഞിന്റെ കാര്യം കുടുംബം ഏറ്റെടുത്താൽ എന്തെങ്കിലുമൊരു ജോലിയോ ബിസിനസോ നടത്താലോയെന്നൊരു ചിന്ത മനസിൽ മുളയെടുത്തു. ബയോടെക്നോളജിക്കാർക്കു നാട്ടിൽ ജോലി സാധ്യത കുറവായതിനാൽ സ്വന്തമായൊരു ബിസിനസ് തന്നെയാണ് ഉത്തമമെന്ന് മനസിലുറപ്പിച്ചു.
അപ്പോഴാണ് ചെന്നൈയിൽ ഗവേഷണ വിദ്യാർഥിയായിരിക്കുന്പോൾ ഗവേഷണസംഘം തലവനായിരുന്ന പ്രഫ. എസ്. സീനി നാട്ടിലൊരു ടിഷ്യുകൾച്ചർ ലാബ് തുടങ്ങൂ എന്നുപറയാറുള്ളത് ഓർമവന്നത്. പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. പഴയ പ്രഫസറെ വിളിച്ചു. വാഴയാണ് നല്ലതെന്നും കയറ്റുമതിമൂല്യമുള്ള ഗ്രാന്റ്നെയിൻ ആണ് വാണിജ്യത്തിന് ഏറ്റവും ഉത്തമമെന്നും ഉപദേശിച്ചു. കൂടാതെ കേരളത്തിലുള്ള ശിഷ്യൻ ഡോ. ഹേമന്തിനെ വിദഗ്ധോപദേശത്തിനായി ചുമതലപ്പെടുത്തുകയും ചെയ്തു.
പത്രവാർത്തയിലൂടെ ചെങ്ങാലിക്കോടനിലേക്ക്
കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്നു പത്തുലക്ഷം രൂപയുടെ പലിശരഹിത വായ്പ നേടി ലാബ് തയാറാക്കുന്നതിനിടയിലാണ് വഴിത്തിരിവായ പത്രവാർത്ത വായിക്കാനിടയായത്. ചെങ്ങാലിക്കോടന്റെ ടിഷ്യൂകൾച്ചർ തൈകൾ ആവശ്യപ്പെട്ട് ഏതാനും കർഷകർ കാർഷിക സർവകലാശാലയെ സമീപിച്ചെന്നായിരുന്നു വാർത്ത.
ടിഷ്യുകൾച്ചറിൽ ചെങ്ങാലിക്കോടനെന്ന പരീക്ഷണം വൻ വിജയമായി. ഭൗമസൂചികപദവിയുള്ള ഈ നേന്ത്രവാഴയുടെ മാതൃസ്ഥലമായ എരുമപ്പെട്ടി, പഴയന്നൂർ, ചൊവ്വന്നൂർ മേഖലകളിലെ തോട്ടങ്ങൾ സന്ദർശിച്ച് ഗുണമേന്മയുള്ള മാതൃകോശങ്ങൾ സംഭരിച്ചു.
പ്ലാന്റ് മിൽ എന്ന സ്വപ്നം
2015 ഓഗസ്റ്റ് 28ലെ തിരുവോണനാളിൽ ഞങ്ങളുടെ അഞ്ചാം വിവാഹവാർഷിക ദിനത്തിൽ വെള്ളാങ്കല്ലൂരിലെ വീടിനോടുചേർന്ന് ആരംഭിച്ച ടിഷ്യൂകൾച്ചർ യൂണിറ്റിനു "പ്ലാന്റ് മിൽ' എന്നു പേരിട്ടു. സാധാരണ ടിഷ്യുകൾച്ചർ യൂണിറ്റുകളിൽ ടിഷ്യുകൾച്ചറിന് പ്രാഥമികമായി ഉപയോഗിക്കുന്നത് വാഴയുടെ മാങ്ങ് (കിഴങ്ങ്) ആണെങ്കിൽ നമ്മൾ വാഴയുടെ കുടപ്പനിൽനിന്ന്് (കൂന്പ് അഥവാ ചുണ്ട്) തൈകൾ ഉത്പാദിപ്പിക്കുന്ന നൂതന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. സാധാരണ രീതിയിൽ വാഴമാങ്ങിൽനിന്ന് 500-600 തൈകൾ ലഭിക്കുന്നതിനുപകരം ഈ രീതിയിൽ പരമാവധി 200-300 തൈകളേ ലഭിക്കൂ. പക്ഷേ ഉത്പാദനക്ഷമതയും പ്രതിരോധശേഷിയും തനിമയും ഉള്ള തൈകൾ ലഭിക്കുമെന്നതാണു സവിശേഷത.
പ്രാഥമിക ഹാർഡനിംഗും രണ്ടാംഘട്ട ഹാർഡനിംഗും (ദൃഢീകരണം) വെല്ലുവിളിയായിരുന്നെങ്കിലും അതും വിജയമായി. ഫീൽഡ് ട്രയലിന്റെ ഭാഗമായി പല കർഷകർക്കും ടിഷ്യു തൈകൾ നൽകി. മുള്ളൂർക്കരയിലുള്ള വിശ്വനാഥന്റെ കൃഷിയിടത്തിൽ ആദ്യ ടിഷ്യു ചെങ്ങാലിക്കോടൻ കുലച്ചു. മൂന്നു മാസത്തിനുശേഷം വിളവെടുത്ത് പഴുപ്പിച്ചപ്പോൾ ചെങ്ങാലിക്കോടന്റെ അസൽ രുചിയും നിറവും ഗുണവും. തുടർന്ന് എരുമപ്പെട്ടിയിലെ ബാബു 1000 ചെങ്ങാലിക്കോടൻ തൈകൾ വാങ്ങിനട്ടു. കൃത്യമായ പരിപാലനമുറകൾ സ്വീകരിക്കുകയും ജൈവവളം നൽകുകയും ചെയ്തതോടെ 17- 22 കിലോ തൂക്കമുള്ള ലക്ഷണമൊത്ത ചെങ്ങാലിക്കോടൻ കുലകൾ!
മഞ്ചേരിയും ക്വിന്റലും പൂജാകദളിയും
ചെങ്ങാലിക്കോടന്റെ വിജയം മറ്റു പ്രാദേശിക ഇനങ്ങളായ മഞ്ചേരി, ക്വിന്റൽ, തേനി എന്നീ നേന്ത്രൻ ഇനങ്ങളിലേക്കുകൂടി കടക്കാൻ പ്രചോദനമായി. കൂടാതെ കർഷകരുടെ വലിയ ഡിമാന്റിനെത്തുടർന്ന് നിവേദ്യക്കദളി (പൂജാ കദളി), റോബസ്റ്റ്, റെഡ് ബനാന എന്നിവയും. പിന്നീട് അലങ്കാരച്ചെടികളും ടിഷ്യൂകൾച്ചറിൽ ഉത്പാദിപ്പിക്കാൻ തുടങ്ങി. ഇപ്പോൾ അക്വാ പ്ലാന്റുകളും. നേന്ത്രൻ ഇനങ്ങൾക്ക് 30 ഉം പൂജകദളിക്ക് 45 രൂപയും അലങ്കാര ച്ചെടികളുടെ തൈകൾക്ക് ഒന്നിന് 50 രൂപയുമാണ് വില. '- ബിന്ധ്യ പറഞ്ഞു.
ഹൈടെക് ലാബ്
2021 ലാണ് 5000 ചതുരശ്ര അടിയുള്ള പുതിയ ബിൽഡിംഗും ഹൈടെക് ലാബും ഇവർ ആരംഭിച്ചത്. നബാർഡിന്റെയും മാനേജ് ഹൈദരാബാദിന്റെയും സഹകരണത്തോടെ നൽകുന്ന എസിഎബിസി പദ്ധതിപ്രകാരം ലഭിച്ച 25 ലക്ഷം രൂപയുടെ ലോണും ഇതിനു വലിയ സഹായമായി. ഈ തുകയിൽ സ്ത്രീകൾക്ക് 44 ശതമാനം സബ്സിഡിയുണ്ടായതും ഇവർക്കു വലിയ അനുഗ്രഹമായി.
ഫുള്ളി ഓട്ടോമാറ്റിക് ഇലക്ട്രിക്കൽ സ്റ്റെറിലൈസിംഗ് മെഷീൻ, കൾച്ചറിംഗ് ലാബ്, ലാമിനാ റൂം എന്നിവയടങ്ങിയ ബിൽഡിംഗിന് ഒരുകോടിയിലധികം മുതൽമുടക്കുണ്ട്. ടണൽ, ഗ്രീൻ ഹൗസ്, മഴമറ തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം ഇവിടെയുണ്ട്. ഇന്നിപ്പോൾ ലാബിലും മറ്റുമായി 15 പേർക്ക് ഇവർ നേരിട്ടു തൊഴിൽ നൽകുന്നുണ്ട്. സുഗന്ധവ്യഞ്ജന തൈകൾ ടിഷ്യുകൾച്ചറിൽ ഉത്പാദിപ്പിക്കാനുള്ള പരീക്ഷണത്തിലാണ് ബിന്ധ്യയും സംഘവും. എല്ലാത്തിനും സന്പൂർണ പിന്തുണയുമായി ഭർത്താവും മകനുമുണ്ട്.